വൈദിക വിജ്ഞാന കേന്ദ്രം
വേദഭാരതത്തിന്റെ സാംസ്കാരികത്തനിമയായ വേദങ്ങളും അനുബന്ധ വിഷയങ്ങളും പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക എന്ന പുതിയൊരു ആശയത്തിൽ നിന്ന് 1996 ൽ രൂപം കൊണ്ട ഗായത്രി വൈദിക - താന്ത്രിക വിദ്യാപീഠം എന്ന പ്രസ്ഥാനമാണ് 2001 ൽ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ (പെരുമൻപുറ) കേന്ദ്രമായി വൈദിക വിജ്ഞാന കേന്ദ്രം എന്ന ചാരിറ്റബിൾ ട്രസ്റ്റായി രൂപാന്തരം ചെയ്യപ്പെട്ട് പുതിയ രൂപ ഭാവത്തോടെ പ്രവർത്തനമാരംഭിച്ചത്. വയപ്പുറം നാരായണൻ നമ്പൂതിരി സൗജന്യമായി സമർപ്പിച്ച 8 സെന്റ് സ്ഥലത്തോടെ സ്ഥാപിതമായ ഈ കേന്ദ്രം വൈദിക - താന്ത്രിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
കർമ്മപദ്ധതികളുമായി മുന്നോട്ട് ..
പഠന ക്ലാസുകൾ, സെമിനാറുകൾ, പണ്ഡിതരെ ആദരിക്കൽ , പുരസ്കാര സമർപ്പണം, പഠനശിബിരങ്ങൾ ഷോഡശ സംസ്ക്കാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ പദ്ധതികൾ , സേവന പ്രവർത്തനങ്ങൾ , ഇതിഹാസ -പുരാണ പാരായണ പഠനങ്ങൾ, അക്ഷരശ്ലോക വേദികൾ, മറ്റു സാംസ്കാരിക പരിപാടികൾ തുടങ്ങിയവയിലൂടെ ഇതിനകം തന്നെ ഈ ആത്മീയ കേന്ദ്രം കേരളത്തിലെ വൈദിക - താന്ത്രിക രംഗത്ത് ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.
മന്ത്രസുരഭിലം വേദ വാടിക..
പഠന, പ്രചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും ഏകോപിപ്പിക്കുവാനും ഉതകുന്ന വിധത്തിൽ 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കെട്ടിടം വേദവാടിക എന്ന പേരിൽ 2016 ൽ സജ്ജനങ്ങളുടെ സഹകരണത്തോടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. അതിന്റെ നിർമ്മാണ - വികസനപ്രവർത്തനങ്ങൾ ഇപ്പോഴും പടിപടിയായി നടന്നു വരുന്നു.
ഗുരുവായൂരപ്പൻ്റെ കരുണാകടാക്ഷം
ഇത്തരം പ്രവർത്തനങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 3 തവണയായി ലഭിച്ച സാമ്പത്തിക സഹായം വൈദികവിജ്ഞാനകേന്ദ്രത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ പോന്നതായിരുന്നു. മറ്റ് നിരവധി പേരുടെ സഹായ സഹകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളിൽ തുണയായിട്ടുണ്ട്.
ഇവിടെ നിന്നും പൂജാവിധികൾ അഭ്യസിച്ച പലരും ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള പല മഹാക്ഷേത്രങ്ങളിലും സേവനം ചെയ്തു വരുന്നു.
പൂജനീയരുടെ സാന്നിദ്ധ്യം
ശ്രീശങ്കര പരമ്പരയിൽ പെട്ട തൃക്കൈക്കാട്ട് മഠം, നടുവിൽ മഠം, തെക്കേ മഠം തുടങ്ങിയ മഠങ്ങളിലെ പൂജനീയ സ്വാമിയാർമാർ ,ചിദാനന്ദപുരി സ്വാമിജി അദ്ധ്യാത്മാനന്ദജി തുടങ്ങിയ സന്ന്യാസിവര്യന്മാർ, വേദ-തന്ത്ര രംഗത്തെ പ്രശസ്ത ആചാര്യന്മാർ, യോഗാചാര്യന്മാർ കവിതാ സാഹിത്യ രംഗങ്ങളിലെ പ്രശസ്തർ മറ്റു ഉന്നത പദവികളിലുള്ളവർ എന്നിവർ ഈ സ്ഥാപനത്തിൽ അവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വേദേശ്രേഷ്ഠ പുരസ്കാരം
പുതിയൊരു ചുവട്
വൈദിക, താന്ത്രിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന മഹദ് വ്യക്തികളെ ആദരിക്കുന്നതിന് 2018-ൽ വേദ ശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തി വൈദിക വിജ്ഞാന കേന്ദ്രം അതിൻ്റെ മുന്നേറ്റത്തിൽ ഒരു ചുവടു കൂടി പിന്നിട്ടു. വേദശ്രേഷ്ഠ പുരസ്കാരം കേരളത്തിലെ വേദ പണ്ഡിതർക്ക് പുതിയ പ്രചോദനമായി. ഋഗ്, യജുർവേദ പണ്ഡിതരായ ആമല്ലൂർ നാരായണൻ നമ്പൂതിരി, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, മേലേടം വാസുദേവൻ നമ്പൂതിരി, എടമന നാരായണൻ പോറ്റി എന്നീ പ്രശസ്ത വേദ പണ്ഡിതരാണ് ഇതുവരെയുള്ള പുരസ്കാര ജേതാക്കൾ. ഈ പുരസ്കാരം ഈ വർഷം മുതൽ മങ്ങത്തായ കൃഷ്ണൻ നമ്പൂതിരി അദ്ദേഹത്തിന്റെ പിതാവ് വേദപണ്ഡിതനായിരുന്ന കേശവൻ നമ്പൂതിരിയുടെ പേരിൽ എൻഡോവ്മെന്റായി മർപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു രേഖകൾ ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്.
ഷോഡശകർമ്മങ്ങൾക്ക്
ഒരു സ്ഥിരം വേദി
ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഷോഡശ കർമ്മങ്ങൾ സ്വന്തം ഗൃഹങ്ങളിൽ നടത്തുക എന്നത് ബുദ്ധിമുട്ടാണ്. സ്ഥലസൗകര്യമില്ലായ്മയും കൂടിയ സാമ്പത്തടുത്ത ചെലവും ക്രിയകൾ നടത്താനുള്ള ഉത്സാഹം കെടുത്തുമ്പോൾ അധികം പേരും ഇതിൽ നിന്നെല്ലാം പിൻതിരിയുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാൽ വൈദിക വിജ്ഞാനകേന്ദ്രം ഇക്കാര്യത്തിൽ പരിഹാരവും പുതിയ പ്രതീക്ഷയുമായി മാറി. ജാതിഭേദമന്യേ ഏതു ചടങ്ങുകളും കുറഞ്ഞ സാമ്പത്തടുത്ത ചെലവിൽ നടത്താനുള്ള എല്ലാ സൗകര്യവും വൈദിക വിജ്ഞാന കേന്ദ്രത്തിലുണ്ട്. അനേകം പേർ സ്ഥിരമായി ഷോഡശകർമ്മാനുഷ്ഠാനങ്ങൾക്കും മറ്റു പല ആവശ്യങ്ങൾക്കുമായി ഈ സ്ഥാപനത്തെ സമീപിച്ചു വരുന്നുണ്ട്.
വിജ്ഞാന കേന്ദ്രം
ഗവേഷണത്തിനുതകുന്ന അമൂല്യ ഗ്രന്ഥശേഖരങ്ങളുള്ള ഒരു വേദിക് ലൈബ്രറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ദേവസ്വം ബോർഡ് അംഗീകൃത തന്ത്ര വിദ്യാലയം
കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ച തന്ത്ര പഠന കേന്ദ്രവും കൂടിയാണിത്. അതു കൊണ്ടു തന്നെ ഇവിടെ നിന്നു നൽകുന്ന യോഗ്യതാ പത്രങ്ങൾ ദേവസ്വം ജോലികൾക്കുള്ള ആധികാരിക പ്രമാണമാണ്. ഒരുപാടു പേർ ഇപ്പോഴും ഈ മഹാവിദ്യാലയത്തിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു.
സ്വപ്നങ്ങൾ സഫലമാക്കാൻ ഇനിയും ദൂരങ്ങൾ..
എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആത്മീയ കേന്ദ്രം എന്ന സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്. താഴത്തെ നിലയിൽ നിലത്തിന്റെ Flooring, മേൽക്കൂരയുടെ പണി കഴിഞ്ഞ മുകളിലത്തെ നിലയുടെ ബാക്കി നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയവ എത്രയും വേഗം പൂർത്തീകരിക്കേണ്ടതുണ്ട്. ഏതാണ്ട് 35 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് ട്രസ്റ്റ് രൂപം കൊടുത്തിട്ടുണ്ട്. ഉദാരമതികളും ധർമ്മകാംക്ഷികളുമായ സജ്ജനങ്ങളുടെ സഹായ സഹകരണങ്ങൾ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പ്രതീക്ഷ.
മനുഷ്യജീവിതത്തിൽ അത്യന്താപേക്ഷിതമായ കർമ്മ ശാഖകളാണ് ഷോഡശ ക്രിയകൾ. ചോറൂണ്, ഉപനയനം, വിവാഹം, ശ്രാദ്ധം തുടങ്ങി എല്ലാം തന്നെ ഒഴിച്ചുകൂടാനാവാത്തത്. ഇതൊക്കെ അന്യം നിന്നുപോവുക എന്നത് ചിന്തിക്കാനാവാത്തതാണ്. ഇതിൻ്റെ പുനരുജ്ജീവനത്തിനാണ് വൈദിക വിജ്ഞാന കേന്ദ്രത്തിൻ്റെ ബൃഹത്തായ ഈ പരിശ്രമം. ആത്മാർത്ഥമായ, അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നു.